വിവാദങ്ങള്‍ക്കും മേലെ സച്ചിന്‍
ദില്ലി: കളിക്കളത്തിലും പുറത്തും മാന്യതുയുടെ പ്രതിരൂപമാണ് സച്ചിന്‍. ക്രിക്കറ്റ് വിട്ട ശേഷവും ആരാധകരുടെ മനസില്‍ എന്നും നിലനില്‍ക്കുന്ന താരമായി അദ്ദേഹം മാറിയതും അതുകൊണ്ടു തന്നെയായിരുന്നു. അടുത്തിടെ സച്ചിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കളിക്കളത്തിന് പുറത്തുനിന്നായിരുന്നു. ആറ് വര്‍ഷത്തെ രാജ്യസഭാ അംഗത്വത്തിന്‍റെ ഭാഗമായി സച്ചിന് ലഭിച്ച ആനുകൂല്യങ്ങളും സഭയിലെ പങ്കാളിത്തവും വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. വെറും 7.3 ശതമാനം മാത്രം ഹാജറുള്ള സച്ചിന്‍ ഇക്കാലയളവില്‍ 90 ലക്ഷം രൂപ ആനുകൂല്യമായി സ്വീകരിച്ചു എന്നായിരുന്നു ആരോപണം. ഇത്തരം ആരോപണങ്ങളുടെയെല്ലാം വായടപ്പിക്കുകയാണ് സച്ചിന്‍റെ പുതിയ തീരുമാനം. രാജ്യസഭയില്‍ നിന്ന് തനിക്ക് കിട്ടിയ തുക മുഴുവന്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് അദ്ദേഹം. 2012 മുതലാണ് സച്ചിന്‍ രാജ്യസഭാംഗമാകുന്നത്. രേഖകള്‍ പ്രകാരം 400 പാര്‍ലമെന്‍റ് സെഷനുകളില്‍ 29 തവണ മാത്രമാണ് സച്ചിന്‍ പങ്കെടുത്തത്. അദ്ദേഹം 22 ചോദ്യങ്ങള്‍ മാത്രമായിരുന്നു ചോദിച്ചത്. ഒരു ബില്ലുപോലും അവതരിപ്പിക്കാനും സച്ചിന് ഇക്കാലയളവില്‍ സാധിച്ചിരുന്നില്ല. അതേസമയം സച്ചിന് പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് രാജ്യത്തുടനീളം 185 പദ്ധതികള്‍ക്കായി 7.4 കോടി രൂപ അനുവദിച്ചതായി രേഖകളുണ്ട്.
No comments: